കർണാടകയിലെ അനേകലിൽ സ്കൂളിൽ നിന്ന് 30 രൂപ മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. സർക്കാർ സ്കൂളിൽ പഠിച്ചിരുന്ന വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ സൂര്യനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിദ്യാർഥിനി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും വീട്ടിൽ നിന്ന് കണ്ടെത്തി. സ്കൂളിൽ 20 രൂപയും 10 രൂപയും നഷ്ടമായ സംഭവത്തിൽ തനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ചെന്നും അധ്യാപകർ എല്ലാവരുടെയും മുന്നിൽ അപമാനിച്ചെന്നും കുറിപ്പിൽ പറയുന്നു. ആ അപമാനം സഹിക്കാനാകാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്നും വിദ്യാർഥിനി രേഖപ്പെടുത്തിയിട്ടുണ്ട്.
കുറിപ്പിൽ അമ്മയോടും സഹോദരങ്ങളോടും ക്ഷമ ചോദിച്ച വിദ്യാർഥിനി, തൻ്റെ മരണത്തിന് അമ്മയെ ആരും കുറ്റപ്പെടുത്തരുതെന്നും ഇത് സ്വന്തം തീരുമാനമാണെന്നും എഴുതിയിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.
സംഭവത്തിൻ്റെ എല്ലാ സാഹചര്യങ്ങളും പരിശോധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.