ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ കർണാടക ആർടിസിയുടെ ഫ്ലൈബസ് ഡ്രൈവർക്കും കണ്ടക്ടർക്കും നേരെ ആക്രമണം. കഴിഞ്ഞ ദിവസം പുലർച്ചെ 2.30ഓടെ മണ്ഡ്യയ്ക്ക് സമീപമാണ് സംഭവം.
ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് മൈസൂരുവിലേക്ക് പോകുകയായിരുന്ന ഫ്ലൈബസ് സർവീസ് റോഡിൽ യാത്രക്കാരെ ഇറക്കാൻ നിർത്തിയപ്പോൾ ബൈക്കുകളിലെത്തിയ സംഘം ഡ്രൈവർ വിനോദിനെയും കണ്ടക്ടർ ഈരണ്ണയെയും ആക്രമിക്കുകയായിരുന്നു. റോഡിലുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ പങ്കെടുത്ത മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ കഴിഞ്ഞ ദിവസവും കാർ തടഞ്ഞുനിർത്തി ഒരു കുടുംബത്തെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായിരുന്നു. തുടർച്ചയായ ആക്രമണങ്ങൾ എക്സ്പ്രസ് വേയിലെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്ക ഉയർത്തുകയാണ്.