ബെംഗളൂരുവിൽ പൊതുമേഖലയിൽ രാജ്യത്തെ ആദ്യത്തെ എഐ സർവകലാശാല സ്ഥാപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനത്തിൽ ബെംഗളൂരു ഫീൽഡ് മാർഷൽ മനേക്‌ഷാ പരേഡ് ഗ്രൗണ്ടിൽ ദേശീയപതാക ഉയർത്തിയശേഷം നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം. ജനുവരിയോടെ സർവകലാശാലയിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ‘എഐ അക്ഷര അഭിയാൻ’, ‘കോഡിംഗ് ഗുരുകുലം’ എന്നീ പദ്ധതികളിലൂടെ സംസ്ഥാനത്തെ സ്കൂളുകളിൽ ആറാം ക്ലാസ് മുതൽ എഐയും കോഡിംഗും പഠിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലെ 72,000 ഒഴിവുകളിലേക്ക് അടുത്ത ആറുമാസത്തിനകം വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പിന്നാക്ക ജില്ലകളിൽ തൊഴിൽ സൃഷ്ടിക്കുന്ന കമ്പനികൾക്ക് ഒരു തൊഴിലിന് പ്രതിമാസം 2,500 രൂപ വീതം രണ്ട് വർഷത്തേക്ക് ധനസഹായം നൽകുന്ന ‘ഉദ്യോഗ നിധി’ പദ്ധതിയും പ്രഖ്യാപിച്ചു. തൊഴിൽ അന്വേഷകരെ സഹായിക്കുന്നതിനായി ‘യുവ ഉദ്യോഗ സേതു’ പോർട്ടലും ആരംഭിക്കും.

വികസനം ബെംഗളൂരുവിൽ മാത്രം കേന്ദ്രീകരിക്കാതെ മംഗളൂരു, മൈസൂരു, ഹുബ്ബള്ളി-ധാർവാഡ്, ബെലഗാവി, കലബുറഗി എന്നിവിടങ്ങളിൽ ഗ്ലോബൽ ടെക്നോളജി സെന്ററുകൾ സ്ഥാപിക്കുമെന്നും ശിവകുമാർ പറഞ്ഞു. കാർഷിക മേഖലയിലും പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്രോണുകളും ഉപഗ്രഹങ്ങളും ഉപയോഗിച്ച് വിള നിരീക്ഷണം നടത്തുന്നതിനുള്ള ‘സി.എം.റൈത ചൈതന്യ യോജന’യും കാർഷിക ഉപകരണങ്ങളുടെ വാടകയ്ക്ക് 50 ശതമാനം സബ്‌സിഡി നൽകുന്ന ‘റൈത മിത്ര’ പദ്ധതിയും നടപ്പാക്കും.

ഗ്രാമീണ മേഖലയിലെ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് പ്രൊഫഷണൽ കോഴ്‌സുകളിൽ 7.5 ശതമാനം അധിക സംവരണം നൽകുമെന്നും നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി 117 കിലോമീറ്റർ ബിസിനസ് കോറിഡോർ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Related Posts