ഔദ്യോഗിക സന്ദർശനത്തിൻ്റെ ഭാഗമായി കുവൈത്തിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് അൽ-ഖാലിദ് അൽ-ഹമദ് അൽ-സബാഹുമായി കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വ്യാപാരം, നിക്ഷേപം, ഊർജ്ജം, മറ്റ് തന്ത്രപ്രധാന മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനുമുള്ള സാധ്യതകൾ ഇരുനേതാക്കളും ചർച്ച ചെയ്തു. പൊതുതാൽപര്യമുള്ള നിരവധി അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളും കൂടിക്കാഴ്ചയിൽ പരിഗണിച്ചു.
കുവൈത്ത് കിരീടാവകാശിയുടെ ദിവാൻ തലവൻ ശൈഖ് താമിർ ജാബർ അൽ-അഹമ്മദ് അൽ-സബാഹ്, കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറഹ് ജാബർ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് എന്നിവരുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇന്ത്യ–കുവൈത്ത് ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള സുപ്രധാന ചർച്ചയായാണ് ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്.