മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്ന് റായ്ഗഡ് ജില്ലയിലെ എൽപിജി പ്ലാന്റിൽ വെള്ളം കയറി ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകൾ ഒഴുകിപ്പോയി. പ്ലാന്റിൻ്റെ സംരക്ഷണഭിത്തി തകർന്നതോടെയാണ് പ്രളയജലം അകത്തേക്ക് ഇരച്ചുകയറിയത്. ഇതോടെ ഏകദേശം 3,000 എൽപിജി സിലിണ്ടറുകൾ പാതാൾഗംഗ നദിയിലേക്കും ഖർപാഡ് ക്രീക്കിലേക്കും ഒഴുകിപ്പോയതായി അധികൃതർ അറിയിച്ചു.

പാതാൾഗംഗ നദിയിലൂടെ സിലിണ്ടറുകൾ ഒഴുകിപ്പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒഴുകിപ്പോയ പല സിലിണ്ടറുകളിലും പാചകവാതകം നിറഞ്ഞിരിക്കാമെന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

സിലിണ്ടറുകൾ കണ്ടെത്തുന്നവർ അവ വീട്ടിലേക്ക് കൊണ്ടുപോകുകയോ തുറക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് റായ്ഗഡ് ജില്ലാ കളക്ടർ കിഷൻ ജാവ്‌ലെ അഭ്യർഥിച്ചു. കണ്ടെത്തുന്ന സിലിണ്ടറുകൾ സമീപത്തെ എച്ച്പിസിഎൽ (HPCL) അധികൃതർക്കോ അംഗീകൃത ഡീലർമാർക്കോ അല്ലെങ്കിൽ ഖലാപൂർ തഹസിൽദാർ ഓഫീസിലോ കൈമാറണമെന്നും അദ്ദേഹം നിർദേശിച്ചു.

സിലിണ്ടറുകളിൽ വാതകം അവശേഷിക്കുന്നുണ്ടോ, അവ സുരക്ഷിതമാണോ എന്നതിൽ വ്യക്തതയില്ലാത്തതിനാൽ കൗതുകത്തിൻ്റെ പേരിൽ പോലും അവ കൈകാര്യം ചെയ്യുന്നത് വലിയ അപകടത്തിന് ഇടയാക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Related Posts