മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി. നേതാവുമായ ധനഞ്ജയ് മുണ്ടേ രാജിവെച്ചു. മുംബൈ ബീഡിൽ ജില്ലയിലെ ഒരു സർപഞ്ചിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ അടുത്ത സഹായിയായ എൻ.സി.പി. നേതാവ് വാൽമീക് കാരാഡ് പിടിയിലായതിന് പിന്നാലെയാണ് ധനഞ്ജയ് മുണ്ടേയുടെ രാജി.

ബീഡിൽ ജില്ലയിലെ മസാജോഗ് ഗ്രാമത്തിലെ സർപഞ്ച് അഥവാ ഗ്രാമമുഖ്യനായ സന്തോഷ് ദേശ്‌മുഖ് കൊല്ലപ്പെട്ട കേസിലാണ് വാൽമീക് കാരാഡ് അറസ്റ്റിലായത്. ഡിസംബറിൽ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് കാരാഡ് കീഴടങ്ങിയത്. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം (മക്കോക്ക) ചുമത്തിയായിരുന്നു അറസ്റ്റ്,

അറസ്റ്റിന് പിന്നാലെ ഭക്ഷ്യ -സിവിൽ സപ്ലൈസ് മന്ത്രിയായിരുന്ന മുണ്ടയോട് സ്ഥാനമൊഴിയാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടിരുന്നു. മുണ്ടേ രാജി സമർപ്പിച്ചതായും താൻ അത് അംഗീകരിച്ചതായും മറ്റ് നടപടിക്രമങ്ങൾക്കായി ഗവർണർക്ക് കൈമാറിയെന്നും ഫഡ്നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്‌ച രാത്രി ഉപമുഖ്യമന്ത്രി അജിത് പവാറുമായി ഫഡ്‌നാവിസ് ചർച്ച നടത്തിയിരുന്നു എന്നാണ് വിവരം. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത്. അതേസമയം, ആരോഗ്യകാരണ ങ്ങളാൽ രാജിവെക്കുന്നുവെന്നാണ് ധനഞ്ജയ് മുണ്ടേ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.

മസാജോഗ് ഗ്രാമമുഖ്യനായ സന്തോഷ് ദേശ് മുഖിനെ 2024 ഡിസംബർ 9 നാണ് തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. ധനഞ്ജയ് മുണ്ടേക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

Related Posts