ബെംഗളൂരുവിലെ നമ്മ മെട്രോ യാത്രക്കാർക്ക് ആശ്വാസവാർത്ത. യാത്രക്കാരുടെ വർധിച്ച തിരക്ക് കുറയ്ക്കുന്നതിനായി ഗ്രീൻ ലൈനിൽ ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ മെട്രോ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും. ഇതോടെ തിരക്കേറിയ സമയങ്ങളിൽ ട്രെയിനുകൾക്കായുള്ള കാത്തിരിപ്പ് സമയം ഗണ്യമായി കുറയും.

പ്രതിദിനം പത്ത് ലക്ഷത്തിലധികം പേർ യാത്ര ചെയ്യുന്ന നമ്മ മെട്രോയിൽ, പ്രത്യേകിച്ച് ഓഫീസ് സമയങ്ങളിൽ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന് പരിഹാരമായി ചൈനീസ് കമ്പനിയായ CRRCയിൽ നിന്ന് 21 പുതിയ ട്രെയിനുകൾ വാങ്ങാൻ ബിഎംആർസിഎൽ കരാറിലേർപ്പെട്ടിരുന്നു. ഇതിൽ ആദ്യഘട്ടമായി ലഭിച്ച മൂന്ന് ട്രെയിനുകളാണ് അടുത്ത മാസം സർവീസിനിറങ്ങുന്നത്.

സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മുതൽ മഡവര വരെയുള്ള ഗ്രീൻ ലൈൻ റൂട്ടിലാണ് പുതിയ ട്രെയിനുകൾ സർവീസ് നടത്തുക. നിലവിൽ ഈ റൂട്ടിൽ 24 ട്രെയിനുകളാണ് ഓടുന്നത്. പുതിയ ട്രെയിനുകൾ കൂടി എത്തുന്നതോടെ ആകെ എണ്ണം 27 ആകും.

ഇപ്പോൾ തിരക്കേറിയ സമയങ്ങളിൽ അഞ്ച് മിനിറ്റിലും മറ്റ് സമയങ്ങളിൽ എട്ട് മിനിറ്റിലും ട്രെയിനുകൾ ലഭിക്കുന്നുണ്ട്. പുതിയ ട്രെയിനുകൾ സർവീസിലായാൽ തിരക്കേറിയ സമയങ്ങളിൽ ഓരോ 3.5 മിനിറ്റിലും, മറ്റ് സമയങ്ങളിൽ 6 മുതൽ 7 മിനിറ്റിലും ട്രെയിനുകൾ ലഭ്യമാകും.

ട്രെയിനുകളുടെ എണ്ണം വർധിക്കുന്നതോടെ സ്റ്റേഷനുകളിലെ തിരക്കും കാത്തിരിപ്പ് സമയവും കുറയുകയും യാത്ര കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും മാറുമെന്നും ബിഎംആർസിഎൽ അധികൃതർ അറിയിച്ചു.

Related Posts