ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച അന്താരാഷ്ട്ര ചരക്കുകപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനെതിരെ അമേരിക്ക വ്യാപക വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. വെടിനിർത്തൽ അവസാനിച്ചതായി അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ സൈനിക നടപടി.

ഇറാനിലെ പ്രധാന തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിറിക് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചബഹാർ, കോണാർക്, ബുഷെഹർ, ഖേഷം ദ്വീപ് എന്നിവിടങ്ങളിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളും അമേരിക്കൻ ആക്രമണത്തിന് ലക്ഷ്യമായതായാണ് വിവരം.

തീരദേശ റഡാർ സംവിധാനങ്ങൾ, വ്യോമപ്രതിരോധ കേന്ദ്രങ്ങൾ, കപ്പൽവിരുദ്ധ മിസൈൽ വിക്ഷേപണ താവളങ്ങൾ, നാവികസേനയുടെ സൈനിക കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗതത്തിന് ഭീഷണിയാകുന്ന ഇറാൻ്റെ സൈനിക ശേഷി ദുർബലപ്പെടുത്തുകയാണ് നടപടിയുടെ ലക്ഷ്യമെന്നാണ് വിശദീകരണം.

ആക്രമണത്തെ തുടർന്ന് ഇറാൻ്റെ തെക്കൻ തീരപ്രദേശങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായതായും നിരവധി കേന്ദ്രങ്ങളിൽ സ്ഫോടനങ്ങളും തീപിടിത്തങ്ങളും റിപ്പോർട്ട് ചെയ്തതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ സുരക്ഷാ ആശങ്കയും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരാനുള്ള സാധ്യതയും ശക്തമായിട്ടുണ്ട്.

Related Posts