അഞ്ചു വര്‍ഷത്തിന് ശേഷം ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഞായറാഴ്ച പുനരാരംഭിക്കും. ഈ മാസം അവസാനത്തോടെ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയും എന്ന് വിദേശകാര്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമേണ സാധാരണ നിലയിലാക്കുന്നതിന് ഉള്ള ഇന്ത്യന്‍ സര്‍ക്കാരിൻ്റെ സമീപനത്തിൻ്റെ ഭാഗം ആയാണ് പുതിയ നീക്കം. ആദ്യവിമാന സര്‍വീസായ കൊല്‍ക്കത്ത-ഗ്വാങ്ചൗ ഇന്‍ഡിഗോ വിമാനം ഞായറാഴ്ച രാത്രി 10 മണിയ്ക്ക് പുറപ്പെടും.
ഷാങ്ഹായില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള വിമാനങ്ങള്‍ നവംബര്‍ ഒമ്പതു മുതല്‍ പുനരാരംഭിക്കും. അതേസമയം, ഇന്‍ഡിഗോയുടെ ഡല്‍ഹിയില്‍ നിന്നുള്ള ഗ്വാങ്ചൗ വിമാന സര്‍വീസ് നവംബര്‍ 10 മുതല്‍ ആരംഭിക്കും.
ദോക് ലാം സംഘര്‍ഷത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിമാന സര്‍വീസുകള്‍ നിലച്ചത്. പിന്നാലെ 2020-ല്‍ കോവിഡ് മഹാമാരിയുമെത്തിയതോടെ ഇത് നീളുകയായിരുന്നു. പിന്നാലെ ഗല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചിരുന്നു. ബെയ്ജിങ്, ഷാങ്ഹായ്, ഗ്വാങ്ചൗ, ഷെങ്ദു എന്നീ പ്രധാന വിമാനത്താവളങ്ങളിലേക്കാണ് നേരത്തേ സര്‍വീസുകളുണ്ടായിരുന്നത്.
കഴിഞ്ഞ മാസം, ഷാങ്ഹായ് (എസ്‌സിഒ) ഉച്ചകോടിക്കിടെ ടിയാന്‍ജിനില്‍ നടന്ന കൂടിക്കാഴ്ചയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഇക്കാര്യത്തില്‍ അനുകൂല നിലപാടെടുത്തിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്.
നേരത്തേ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും ഇക്കാര്യങ്ങളില്‍ ധാരണയിലെത്തിയിരുന്നു. അതിര്‍ത്തി വ്യാപാരം, കൈലാസ് മാനസസരോവര്‍ തീര്‍ഥാടന യാത്രകള്‍ എന്നിവ തുടരാനും ആ യോഗത്തില്‍ ധാരണയായിരുന്നു. നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിനൊപ്പം വിനോദ സഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റു സന്ദര്‍ശകര്‍ക്കും ഇരുഭാഗത്തേക്കും വീസ അനുവദിക്കുന്നത് സുഗമമാക്കാനും ധാരണയായി.