ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടെ സംഭവിച്ച ഒരു ചെറിയ പിഴവ് യുവാവിന് വലിയ സാമ്പത്തിക ബാധ്യതയായി. പ്രായം 24 എന്ന് രേഖപ്പെടുത്തേണ്ടിടത്ത് 1 എന്ന് തെറ്റായി നൽകിയതിനെ തുടർന്ന് കെഎസ്ആർ ബെംഗളൂരു–ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്ത രമാകാന്ത് എം എന്ന യുവാവിൽ നിന്ന് ഇന്ത്യൻ റെയിൽവേ 7,035 രൂപ പിഴ ഈടാക്കി.
ബെംഗളൂരുവിൽ നിന്ന് നാഗ്പൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ടിക്കറ്റ് പരിശോധനയ്ക്കിടെ ഇ-ടിക്കറ്റിലെ പ്രായവിവരത്തിലെ പൊരുത്തക്കേട് ടിടിഇയുടെ ശ്രദ്ധയിൽപ്പെട്ടു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സംഭവിച്ച അബദ്ധമാണെന്ന് യുവാവ് വിശദീകരിക്കുകയും തിരിച്ചറിയൽ രേഖകൾ ഹാജരാക്കുകയും ചെയ്തെങ്കിലും അധികൃതർ അത് അംഗീകരിച്ചില്ല.
റിസർവേഷൻ ടിക്കറ്റിലെ വിവരങ്ങൾ യാത്രക്കാരൻ്റെ യഥാർത്ഥ വിവരങ്ങളുമായി പൊരുത്തപ്പെടാത്തതിനാൽ ടിക്കറ്റ് അസാധുവാണെന്ന് ചൂണ്ടിക്കാട്ടി റെയിൽവേ നിയമപ്രകാരം പിഴ ഈടാക്കുകയായിരുന്നു. തുടർന്ന് യുപിഐ വഴി 7,035 രൂപ യുവാവ് അടച്ചു.
പിന്നീട് പിഴത്തുക തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് രമാകാന്ത് റെയിൽമദദ് പരാതി പോർട്ടലിൽ പരാതി നൽകിയെങ്കിലും റെയിൽവേ അധികൃതർ അപേക്ഷ തള്ളി. യാത്രയ്ക്ക് മുമ്പ് ടിക്കറ്റിലെ വിവരങ്ങൾ പരിശോധിക്കുകയും പിഴവുകൾ പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS) കൗണ്ടർ വഴി തിരുത്തുകയും ചെയ്യേണ്ടത് യാത്രക്കാരൻ്റെ ഉത്തരവാദിത്തമാണെന്ന് റെയിൽവേ വ്യക്തമാക്കി.
യാത്ര ആരംഭിക്കുന്നതിന് മുമ്പ് പിഴവ് തിരുത്താത്തതിനാൽ 1989-ലെ റെയിൽവേ നിയമത്തിലെ സെക്ഷൻ 138 പ്രകാരം ടിക്കറ്റില്ലാത്ത യാത്രയായി കണക്കാക്കി പിഴ ചുമത്തിയതാണെന്നും അധികൃതർ വിശദീകരിച്ചു.