ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമായി. ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ കേന്ദ്രങ്ങൾ, മിസൈൽ താവളങ്ങൾ എന്നിവ ഉൾപ്പെടെ 80ഓളം ലക്ഷ്യസ്ഥാനങ്ങളിലാണ് അമേരിക്ക പുലർച്ചെ വ്യോമാക്രമണം നടത്തിയത്.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ഖത്തർ, സൗദി അറേബ്യ എന്നിവയുടെ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന് ആരോപിച്ചാണ് യുഎസ് സെൻട്രൽ കമാൻഡ് നടപടി സ്വീകരിച്ചത്. തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസ്, ഖാർഗ് ദ്വീപ്, സിറിക്, ഖേഷ്മ് ദ്വീപ് എന്നിവിടങ്ങളിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ ബോട്ടുകൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, കമാൻഡ് സെന്ററുകൾ എന്നിവ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുണ്ട്.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ബഹ്റൈനിലെ യുഎസ് അഞ്ചാം ഫ്ലീറ്റ് ആസ്ഥാനവും കുവൈത്തിലെ അലി അൽ സാലം വ്യോമതാവളവും ഉൾപ്പെടെയുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതായി ഇറാൻ അറിയിച്ചു. അമേരിക്കയുടെ ഒരു എംക്യു-9 ഡ്രോൺ വെടിവച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തെ തുടർന്ന് ബഹ്റൈനിലും കുവൈറ്റിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.
കഴിഞ്ഞ മാസം ഒപ്പുവെച്ച താത്കാലിക വെടിനിർത്തൽ കരാർ അമേരിക്ക ലംഘിച്ചുവെന്നാണ് ഇറാന്റെ ആരോപണം. എന്നാൽ അന്താരാഷ്ട്ര കപ്പൽഗതാഗതത്തിന് നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും അതിന് ശക്തമായ മറുപടി നൽകുമെന്നും അമേരിക്ക വ്യക്തമാക്കി. പുതിയ ഏറ്റുമുട്ടലോടെ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം വീണ്ടും വഷളായിരിക്കുകയാണ്.