ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന് നേരെ നടന്ന ക്രൂരമായ റോഡ് റേജ് ആക്രമണത്തിൽ മൂന്ന് പേരെ മാണ്ഡ്യ ജില്ലയിലെ മദ്ദൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ നിന്നുള്ള കാബ് ഡ്രൈവർമാരായ സന്തോഷ്, അരുണ് കുമാർ, അഭിഷേക് എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
ഞായറാഴ്ച രാത്രി ശ്രീരംഗപട്ടണത്തിന് സമീപം സർവീസ് റോഡിലൂടെ സഞ്ചരിക്കവെ കുടുംബം യാത്ര ചെയ്തിരുന്ന കാറും മറ്റൊരു വാഹനവും തമ്മിൽ ചെറിയ തോതിൽ ഉരസിയതിനെ തുടർന്നാണ് തർക്കമുണ്ടായത്. സ്ഥലത്ത് പ്രശ്നം അവസാനിപ്പിച്ച് ഇരുവിഭാഗവും യാത്ര തുടർന്നെങ്കിലും, പിന്നീട് സ്വന്തം വാഹനത്തിന് കൂടുതൽ കേടുപാടുകൾ സംഭവിച്ചതായി മനസ്സിലാക്കിയ പ്രതികൾ കുടുംബത്തിന്റെ കാർ പിന്തുടർന്ന് മദ്ദൂർ ഫ്ലൈഓവറിന് സമീപം തടഞ്ഞുനിർത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഭാര്യയും രണ്ട് മക്കളും പ്രായമായ അമ്മയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ കാറിലിരിക്കെ ഡ്രൈവറുടെ വാതിൽ ബലമായി തുറന്ന് ഇയാളെ പുറത്തിറക്കി മർദിക്കുകയായിരുന്നു. ജാക്ക് റോഡ് ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. തടയാൻ ശ്രമിച്ച കുടുംബാംഗങ്ങളെയും ആക്രമികൾ ഭീഷണിപ്പെടുത്തി.
സംഭവത്തിന്റെ 52 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ പിന്നാലെ വന്ന വാഹനത്തിലെ ഡാഷ്ക്യാമിൽ പതിഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്. തുടർന്ന് പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആക്രമണത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഒളിവിലുള്ള പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.