ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലുള്ള ഡേ കെയർ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾക്ക് നേരെ നടന്ന ക്രൂര പീഡനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ശിശുപരിപാലന കേന്ദ്രങ്ങളിലും വ്യാപക പരിശോധന നടത്താൻ കർണാടക സർക്കാർ തീരുമാനിച്ചു. ബ്രൂക്ക്ഫീൽഡിലെ ‘കേപ്പ് ജമിനി’ ഐടി ക്യാമ്പസിന് സമീപം പ്രവർത്തിച്ചിരുന്ന ഡേ കെയർ കേന്ദ്രത്തിലെ ആയമാരെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. കേന്ദ്രത്തിൻ്റെ പ്രവർത്തനം കഴിഞ്ഞ ദിവസം തന്നെ നിർത്തിവെച്ചെങ്കിലും സ്ഥാപനത്തിൻ്റെ നടത്തിപ്പുകാർക്കെതിരെ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.

സംഭവത്തിൽ കർണാടക ബാലാവകാശ സംരക്ഷണ കമ്മീഷൻ ഇടപെട്ട് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ സംസ്ഥാനത്തെ എല്ലാ ഡേ കെയർ കേന്ദ്രങ്ങളുടെയും പ്രവർത്തനം അടിയന്തരമായി പരിശോധിക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിലും തീരുമാനിച്ചു.

വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഡേ കെയർ കേന്ദ്രങ്ങളുടെ പട്ടിക ശേഖരിച്ച ശേഷം കൗൺസിൽ അംഗങ്ങൾ നേരിട്ടെത്തി പരിശോധന നടത്തുമെന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഏഷ്യാനറ്റ് ന്യൂസിനോട് അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങളും പ്രവർത്തനച്ചട്ടങ്ങളും പാലിക്കാത്ത സ്ഥാപനങ്ങൾ ഉടൻ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡേ കെയർ കേന്ദ്രങ്ങളുടെ പ്രവർത്തനം കർശനമായി നിരീക്ഷിക്കാനും പരാതികൾ ലഭിച്ചാൽ ശക്തമായ നടപടി സ്വീകരിക്കാനും കർണാടക സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ബാധിതരായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും കൗൺസിലിംഗ് നൽകുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

കുഞ്ഞുങ്ങൾ കരയുമ്പോൾ വായടപ്പിക്കാൻ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനിനുള്ളിൽ ഇരുത്തുക, വാഷ്‌റൂമുകളിൽ പൂട്ടിയിടുക, ടോയ്‌ലറ്റ് ക്ലീനിംഗ് സ്പ്രേയർ ഉപയോഗിച്ച് വായിലേക്ക് വെള്ളം ശക്തമായി അടിക്കുക തുടങ്ങിയ അതിക്രൂരമായ പീഡനരീതികളാണ് പുറത്തുവന്ന ദൃശ്യങ്ങളിലൂടെ വെളിപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Related Posts