72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. മികച്ച നടനുള്ള പുരസ്കാരത്തിനായി ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മമ്മൂട്ടി ശക്തമായ മത്സരരംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ‘മഞ്ഞുമ്മൽ ബോയ്സ്’, ‘കിഷ്കിന്ധ കാണ്ഡം’ എന്നീ മലയാള ചിത്രങ്ങളും വിവിധ വിഭാഗങ്ങളിൽ അവസാനഘട്ട പരിഗണനയിലെത്തിയതായാണ് സൂചന. ‘കിഷ്കിന്ധ കാണ്ഡം’ ചിത്രത്തിലെ ശ്രദ്ധേയ പ്രകടനത്തിലൂടെ വിജയരാഘവനും മികച്ച നടനുള്ള പുരസ്കാര മത്സരത്തിൽ ഇടം നേടിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
2024-ൽ റിലീസ് ചെയ്ത ചിത്രങ്ങളെയാണ് ഇത്തവണ ദേശീയ ജൂറി വിലയിരുത്തിയത്. പ്രശസ്ത സംവിധായകൻ ജയരാജാണ് കേന്ദ്ര ജൂറിയുടെ അധ്യക്ഷൻ. 2012-ലും അദ്ദേഹം ദേശീയ ജൂറിയെ നയിച്ചിരുന്നു.