വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റ വിഷയത്തിൽ അദാനി ഗ്രൂപ്പിനോട് അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ. ഓഹരി ഘടനയിൽ മാറ്റം വരുത്തണമെങ്കിൽ സർക്കാരിൻ്റെ മുൻകൂർ അനുമതി നിർബന്ധമാണെന്നും, കരാർ വ്യവസ്ഥകൾ വിശദമായി പരിശോധിച്ച ശേഷമേ തുടർനടപടി സ്വീകരിക്കൂ എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിലെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് (MSC) കൈമാറുമെന്ന് സർക്കാർ അറിയാതെ പ്രഖ്യാപിച്ചതോടെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരുമായി ഒപ്പുവെച്ച കൺസഷൻ കരാറിൻ്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കിയതെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

കൺസഷൻ കരാർ പ്രകാരം സർക്കാരിൻ്റെ അനുമതിയില്ലാതെ ഓഹരി ഘടനയിൽ മാറ്റം വരുത്താനാകില്ലെന്ന് സർക്കാർ വ്യക്തമാക്കി. കരാറിലെ എല്ലാ വ്യവസ്ഥകളും നിയമപരമായ നിയന്ത്രണങ്ങളും പരിശോധിച്ച ശേഷമേ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം സ്വീകരിക്കുകയുള്ളുവെന്നും അറിയിച്ചു.

49 ശതമാനം ഓഹരി എം.എസ്.സിക്ക് കൈമാറാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നേരത്തെ സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു. ഓഹരി കൈമാറ്റ തീരുമാനത്തെക്കുറിച്ച് ബുധനാഴ്ചയാണ് സർക്കാർ ഔദ്യോഗികമായി അറിയിച്ചതും.

Related Posts