സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥൻ്റെ നിയമനത്തിന് ഗവർണറുടെ അംഗീകാരം ലഭിച്ചു. നിയമന ഉത്തരവിൽ ഗവർണർ ഒപ്പുവെച്ചതോടെ നിയമന നടപടികൾ പൂർത്തിയായി. നേരത്തെ എൻ. ശേഷാദ്രിനാഥൻ്റെ പേര് സംസ്ഥാന സർക്കാർ ഈ പദവിയിലേക്ക് ശുപാർശ ചെയ്തിരുന്നു.
മുൻ ജില്ലാ ജഡ്ജിയായ എൻ. ശേഷാദ്രിനാഥൻ, വിരമിച്ച എ. ഷാജഹാൻ്റെ ഒഴിവിലേക്കാണ് നിയമിതനായത്. എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥൻ്റെ നിയമനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ തന്നെ എതിർപ്പ് ഉയർന്നിരുന്നു.
കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസാണ് നിയമനത്തിനെതിരെ പ്രധാനമായും രംഗത്തെത്തിയത്. ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചായിരുന്നു എതിർപ്പ്. എന്നാൽ നിയമന ശുപാർശ ഗവർണറുടെ പരിഗണനയ്ക്കായി കൈമാറിയതിനാൽ തീരുമാനം പുനഃപരിശോധിക്കപ്പെടാൻ സാധ്യത കുറവാണെന്നായിരുന്നു വിലയിരുത്തൽ. ഇപ്പോൾ ഗവർണറുടെ അംഗീകാരത്തോടെ നിയമനം ഔദ്യോഗികമായി നിലവിൽ വന്നിരിക്കുകയാണ്.