മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരായ മൂന്ന് വർഷത്തെ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പിൻവലിച്ചു. സഞ്ജു സാംസണിനെ പിന്തുണച്ച് കെസിഎക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളിൽ നിരുപാധികം ഖേദം പ്രകടിപ്പിച്ച് മാപ്പപേക്ഷ നൽകിയതിനെ തുടർന്നാണ് അസോസിയേഷൻ്റെ തീരുമാനം. ഇതോടെ വരാനിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിൽ ശ്രീശാന്തിന് പങ്കെടുക്കാനുള്ള വഴിയൊരുങ്ങി.
കഴിഞ്ഞ കെസിഎൽ സീസണിന് മുന്നോടിയായി സമൂഹമാധ്യമങ്ങളിലൂടെ കെസിഎ ഭാരവാഹികളെ രൂക്ഷമായി വിമർശിച്ചതിനെ തുടർന്ന് അസോസിയേഷൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നാരോപിച്ചാണ് ശ്രീശാന്തിനെതിരെ നടപടി സ്വീകരിച്ചത്. വിലക്ക് ചോദ്യം ചെയ്ത് തിരുവനന്തപുരം മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളപ്പെട്ടതോടെയാണ് ശ്രീശാന്ത് ഔദ്യോഗികമായി മാപ്പപേക്ഷ നൽകിയത്.
ബുധനാഴ്ച ചേർന്ന കെസിഎയുടെ പ്രത്യേക ജനറൽ ബോഡി യോഗത്തിൽ മാപ്പപേക്ഷ പരിഗണിച്ച ശേഷമാണ് വിലക്ക് പിൻവലിക്കാൻ ഐകകണ്ഠേന തീരുമാനമായത്. എന്നാൽ ഭാവിയിൽ അസോസിയേഷനെതിരെയോ ക്രിക്കറ്റിൻ്റെ അച്ചടക്കത്തിന് വിരുദ്ധമായോ പരാമർശങ്ങൾ നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കെസിഎ മുന്നറിയിപ്പ് നൽകി.
വിലക്ക് നീക്കിയതോടെ കേരള ക്രിക്കറ്റ് ലീഗിലെ പ്രമുഖ ഫ്രാഞ്ചൈസിയായ ഏരീസ് കൊല്ലം സെയിലേഴ്സ് ടീമിൻ്റെ സഹഉടമയായ ശ്രീശാന്തിന് പുതിയ സീസണിൽ തടസ്സങ്ങളില്ലാതെ പ്രവർത്തിക്കാനാകും.