രാജ്യാന്തര ക്രൂഡോയിൽ വില ഇടിഞ്ഞതിനെ തുടർന്ന് സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനർജി രാജ്യവ്യാപകമായി പെട്രോളിനും ഡീസലിനും വില കുറച്ചു. ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുപ്രകാരം പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്.
രാജ്യത്തെ 7,000-ത്തിലധികം നയാര പെട്രോൾ പമ്പുകളിലാണ് പുതുക്കിയ വില നിലവിൽ വന്നത്. പശ്ചിമേഷ്യയിലെ സംഘർഷം ശമിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞ സാഹചര്യത്തിലാണ് കമ്പനി ഈ തീരുമാനമെടുത്തത്. മാർച്ചിൽ ക്രൂഡോയിൽ വില ഉയർന്നപ്പോൾ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർധിപ്പിച്ചിരുന്ന നയാര, ഇപ്പോൾ അതേ തോതിൽ വില കുറയ്ക്കുകയാണ്.
അതേസമയം, പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ ഇതുവരെ ഇന്ധനവില കുറയ്ക്കാൻ തീരുമാനിച്ചിട്ടില്ല. രാജ്യത്തെ ഇന്ധനവിതരണത്തിന്റെ ഭൂരിഭാഗവും ഈ കമ്പനികളാണ് കൈകാര്യം ചെയ്യുന്നത്.
ഇതിനിടെ, 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയും 183 രൂപ കുറച്ചിട്ടുണ്ട്. പുതിയ നിരക്കുപ്രകാരം സിലിണ്ടറിന് 2,930 രൂപയാണ് വില. എന്നാൽ 14.2 കിലോ ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.