മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ഒരു സ്വകാര്യ സ്കൂളിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുമായി (ടിസി) ബന്ധപ്പെട്ട തർക്കം അധ്യാപകനുനേരെയുള്ള കത്തിക്കുത്തിൽ കലാശിച്ചു. ‘ലിറ്റിൽ ഫ്ലവർ സ്കൂൾ’ പ്രിൻസിപ്പലിൻ്റെ ഓഫീസിൽ നടന്ന സംഭവത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥി അധ്യാപകനെ കുത്തിപ്പരിക്കേൽപ്പിച്ചു. നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.

പ്രിൻസിപ്പലിൻ്റെ സാന്നിധ്യത്തിൽ ടിസിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദ്യാർഥിയുമായും അധ്യാപകനുമായും ചർച്ച നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംസാരത്തിനിടെ പ്രകോപിതനായ വിദ്യാർഥി അധ്യാപകനെ ഭീഷണിപ്പെടുത്തുകയും തുടർന്ന് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയുമായിരുന്നു.

ആക്രമണത്തിൽ ഭയന്ന അധ്യാപകൻ പിന്നോട്ട് മാറിയതോടെ ഓഫീസിൽ പരിഭ്രാന്തി പരന്നു. ബഹളം കേട്ട് ഓടിയെത്തിയ മറ്റ് അധ്യാപകരും ജീവനക്കാരും ചേർന്നാണ് വിദ്യാർഥിയെ കീഴ്പ്പെടുത്തിയത്. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു.

ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. ഈ വിദ്യാർഥിയും ബന്ധപ്പെട്ട അധ്യാപകനും തമ്മിൽ മുമ്പും സ്കൂളിൽ വച്ച് വാക്കുതർക്കം ഉണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ആക്രമണത്തിനുപയോഗിച്ച കത്തി വിദ്യാർഥി ഓൺലൈൻ വഴി ഓർഡർ ചെയ്ത് വാങ്ങിയതാണെന്നും പോലീസ് കണ്ടെത്തി. സംഭവത്തിൻ്റെ എല്ലാ വശങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും വിദ്യാർഥിയെ ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

Related Posts