ഭാര്യയ്ക്ക് സ്വന്തമായി മതിയായ വരുമാനവും സാമ്പത്തിക സ്വാതന്ത്ര്യവും ഉണ്ടെങ്കിൽ ഭർത്താവിൽ നിന്ന് ജീവനാംശം ലഭിക്കാൻ സ്വാഭാവിക അവകാശമില്ലെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി. ജീവനാംശം അനുവദിക്കുമ്പോൾ സ്ത്രീയാണെന്ന ഒറ്റ കാരണത്തിൻ്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനാകില്ലെന്നും, ഇരുകക്ഷികളുടെയും സാമ്പത്തിക സാഹചര്യങ്ങൾ സമഗ്രമായി വിലയിരുത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഗാർഹിക പീഡനത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം, 2005, ഹിന്ദു ദത്തെടുക്കൽ, പരിപാലന നിയമം, 1956, ക്രിമിനൽ നടപടിക്രമ നിയമം എന്നിവ പ്രകാരം ഹർജി നൽകിയെന്ന കാരണത്താൽ മാത്രം ഭർത്താവിനെ ജീവനാംശം നൽകാൻ നിർബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഓരോ കേസും അതിൻ്റെ പ്രത്യേക സാഹചര്യങ്ങളും ലഭ്യമായ തെളിവുകളും അടിസ്ഥാനമാക്കിയാണ് തീരുമാനിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

പരിഗണിച്ച കേസിൽ ഭാര്യയ്ക്ക് സ്ഥിരവരുമാനമുണ്ടെന്നും ഭർത്താവിനേക്കാൾ ഉയർന്ന വരുമാനമാണ് ലഭിക്കുന്നതെന്നും കോടതി കണ്ടെത്തി. സാമ്പത്തിക ബാധ്യതകളെയും വായ്പകളെയും സംബന്ധിച്ച വ്യക്തമായ രേഖകൾ ഹർജിക്കാരി സമർപ്പിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

ജീവനാംശം സംബന്ധിച്ച കേസുകളിൽ ഭാര്യയുടെയും ഭർത്താവിൻ്റെയും വരുമാനം, സാമ്പത്തിക ബാധ്യതകൾ, ജീവിതനിലവാരം, മറ്റ് സാമ്പത്തിക യാഥാർഥ്യങ്ങൾ എന്നിവയെല്ലാം പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കാവൂ എന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കി.

Related Posts