ഭർത്താവിനെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതം മൂലമുള്ള മരണമെന്ന രീതിയിൽ സംഭവം അവതരിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരുവിലെ കുവെംപുനഗർ സ്വദേശിയും കാർ ഷോറൂം ജീവനക്കാരനുമായ നിത്യാനന്ദ് (50) കൊല്ലപ്പെട്ട സംഭവത്തിലാണ് സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ സുശീലയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്ച രാത്രി മദ്യലഹരിയിൽ വീട്ടിലെത്തിയ നിത്യാനന്ദിനെ ഉറക്കത്തിനിടെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. തുടർന്ന് നിത്യാനന്ദിൻ്റെ സഹോദരനെ ഫോണിൽ വിളിച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്ന് സുശീല അറിയിക്കുകയായിരുന്നു.

എന്നാൽ മൃതദേഹത്തിൽ അസ്വാഭാവികമായ മുറിവുകളും പാടുകളും ശ്രദ്ധയിൽപ്പെട്ടതോടെ നിത്യാനന്ദിൻ്റെ സഹോദരന് സംശയം തോന്നുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് സുശീല കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചത്.

പ്രാഥമിക അന്വേഷണത്തിൽ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. ദമ്പതികൾക്ക് മക്കളില്ലെന്നും പൊലീസ് അറിയിച്ചു.

Related Posts