കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിൽ നിന്ന് വീണ്ടും രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പാർലമെന്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ സി.പി. രാധാകൃഷ്ണൻ ഖാർഗെയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണഘടനയുടെ പകർപ്പ് കൈയിൽ പിടിച്ചാണ് അദ്ദേഹം ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്തത്.
ചടങ്ങിൽ ഖാർഗെയുടെ ദീർഘകാല പാർലമെന്ററി പരിചയം രാജ്യസഭയുടെ പ്രവർത്തനങ്ങൾക്ക് കരുത്താകുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സത്യപ്രതിജ്ഞയ്ക്കുശേഷം ജനങ്ങളുടെ ശബ്ദമായി പാർലമെന്റിൽ തുടരുമെന്നും സർക്കാരിനെ ജനാധിപത്യപരമായി ശക്തമായി ചോദ്യം ചെയ്യുമെന്നും ഖാർഗെ പ്രതികരിച്ചു. വരാനിരിക്കുന്ന മൺസൂൺ സമ്മേളനത്തിൽ പ്രതിപക്ഷത്തിൻ്റെ ഏകോപനം കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, വയനാട് എം.പി പ്രിയങ്ക ഗാന്ധി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ ജെ.പി.നദ്ദ, കിരൺ റിജിജു, അർജുൻ റാം മേഘ്വാൾ, രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് എന്നിവരും സന്നിഹിതരായിരുന്നു. വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കാൻ പിന്തുണ നൽകിയ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ‘ഇന്ത്യ’ മുന്നണിയിലെ സഹകക്ഷികൾക്കും ഖാർഗെ നന്ദി അറിയിച്ചു.