ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി നടപ്പാക്കുന്ന പുതിയ ത്രിഭാഷാ നയത്തിൽ വിദ്യാർഥികൾക്കും സ്കൂളുകൾക്കും ആശ്വാസമാകുന്ന പുതിയ മാർഗനിർദേശങ്ങൾ സി.ബി.എസ്.ഇ പുറത്തിറക്കി. നിലവിലെ അധ്യയന വർഷം പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളെ പുതിയ ത്രിഭാഷാ നയത്തിൽ നിന്ന് പൂർണമായും ഒഴിവാക്കി. ഇവർക്ക് നിലവിലെ പോലെ രണ്ട് ഭാഷകൾ മാത്രം പഠിച്ചാൽ മതിയെന്ന് ബോർഡ് വ്യക്തമാക്കി. നിലവിൽ ഏഴാം, എട്ടാം, ഒൻപതാം ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ പത്താം ക്ലാസിലെത്തുമ്പോൾ മൂന്നാം ഭാഷയ്ക്ക് ബോർഡ് പരീക്ഷ എഴുതേണ്ടതില്ല. മൂന്നാം ഭാഷയുടെ മൂല്യനിർണയം സ്കൂൾതലത്തിൽ മാത്രമായിരിക്കും.

ഇതിനകം ഇംഗ്ലീഷും ഫ്രഞ്ചും പോലുള്ള രണ്ട് വിദേശഭാഷകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് അതേ പഠനം തുടരാൻ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതോടൊപ്പം ഒരു ഇന്ത്യൻ പ്രാദേശിക ഭാഷ കൂടി അധികമായി പഠിക്കേണ്ടതുണ്ടെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. അതേസമയം, 2026-27 അധ്യയന വർഷത്തിൽ ആറാം ക്ലാസിലേക്ക് പ്രവേശിക്കുന്ന വിദ്യാർഥികൾക്കായിരിക്കും പുതിയ ത്രിഭാഷാ നയം പൂർണമായി ബാധകമാകുക. ഇവർ പഠിക്കുന്ന മൂന്ന് ഭാഷകളിൽ രണ്ടെണ്ണം നിർബന്ധമായും ഇന്ത്യൻ ഭാഷകളായിരിക്കണം. പത്താം ക്ലാസിലെത്തുമ്പോൾ മൂന്നാം ഭാഷയ്ക്കും ബോർഡ് പരീക്ഷ എഴുതേണ്ടിവരും.

ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് മൂന്ന് ഭാഷകൾ നിർബന്ധമാക്കിയുള്ള മുൻ സർക്കുലർ വലിയ ആശയക്കുഴപ്പത്തിനും ആശങ്കയ്ക്കും ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർഥികൾക്ക് അധിക പഠനഭാരം ഉണ്ടാകാതിരിക്കാനുള്ള മാറ്റങ്ങളുമായി സി.ബി.എസ്.ഇ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.

Related Posts