വിവാഹത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ബെംഗളൂരുവിൽ 23 വയസുകാരിയായ യുവതിയെ കാമുകൻ കുത്തിക്കൊലപ്പെടുത്തി. അഞ്ജലി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കാമുകൻ രാജീവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു മഹാലക്ഷ്മി ലേഔട്ടിൽ ആയിരുന്നു സംഭവം.
ഞായറാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. കഴിഞ്ഞ മൂന്ന് മുതൽ നാല് വർഷമായി ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന അഞ്ജലിയും രാജീവും അവിടെയാണ് പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാകുകയും ചെയ്തത്. എന്നാൽ രാജീവിൻ്റെ പശ്ചാത്തലം ഇഷ്ടപ്പെടാതിരുന്നതിനാൽ അഞ്ജലിയുടെ കുടുംബം വിവാഹത്തെ എതിർത്തിരുന്നു.
വിവാഹത്തിന് സമ്മതം നേടാൻ രാജീവ് പലതവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വീട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്ന് അഞ്ജലി രാജീവിനെ ഒഴിവാക്കാൻ തുടങ്ങിയിരുന്നു.
ഞായറാഴ്ച വൈകുന്നേരം അഞ്ജലിയെ അത്താഴത്തിന് ക്ഷണിച്ച രാജീവ്, ഭക്ഷണത്തിനിടെ വീണ്ടും വിവാഹ വിഷയം ഉന്നയിച്ചു. ഇതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ അഞ്ജലി അവിടെനിന്ന് മടങ്ങിയെങ്കിലും പിന്നാലെയെത്തിയ രാജീവ് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ അഞ്ജലിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സംഭവത്തിന് പിന്നാലെ പൊലീസ് പ്രതിയായ രാജീവിനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എം.എസ്. രാമയ്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.