എറണാകുളം മരടിൽ നവജാത ശിശുവിനെ തട്ടുകടയ്ക്ക് സമീപം ഉപേക്ഷിച്ച സംഭവത്തിൽ അമ്മയുടെ മൊഴി പുറത്തുവന്നു. താൻ കാൻസർ രോഗിയാണെന്നും കുഞ്ഞിനെ വളർത്താൻ സാമ്പത്തികവും ശാരീരികവുമായി നിവൃത്തിയില്ലാത്തതിനാലാണ് ഉപേക്ഷിച്ചതെന്നുമാണ് ഇടുക്കി സ്വദേശിനിയായ യുവതി മരട് പൊലീസിനോട് പറഞ്ഞത്.

കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം വിവരം പൊലീസിനെ അറിയിക്കാൻ സുഹൃത്തായ യുവാവിനെ ചുമതലപ്പെടുത്തിയിരുന്നുവെന്നും യുവതി മൊഴി നൽകി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ ഞായറാഴ്ച മരട് പൊലീസ് കണ്ടെത്തിയിരുന്നു.

ഫോറം മാളിന് സമീപത്തെ തട്ടുകട പരിസരത്താണ് മണിക്കൂറുകൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ കണ്ടെത്തിയ തൃപ്പൂണിത്തുറ പുതിയകാവ് സ്വദേശിയായ യുവാവാണ് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചത്.

തുടർന്ന് പൊലീസ് എത്തി കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് മാറ്റി. കുഞ്ഞിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ചികിത്സയ്ക്കായി അമ്മയെ ആശുപത്രിയിലേക്കും മാറ്റി. അമ്മയുടെയും സുഹൃത്തിൻ്റെയും മൊഴി രേഖപ്പെടുത്തിയ ശേഷം നോട്ടീസ് നൽകി വിട്ടയച്ചതായി മരട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അറിയിച്ചു.

Related Posts