കർണാടകയിലെ തുമക്കൂരിൽ ദേശീയപാതയിൽ സഞ്ചരിച്ച കാറിലുണ്ടായ സ്ഫോടനത്തിൽ യുവാവ് മരിച്ചു. ഉത്തര കന്നഡ സ്വദേശി നാഗേന്ദ്ര (30) ആണ് മരിച്ചത്. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവതി രമ്യയ്ക്കും കാർ ഡ്രൈവർ പ്രവീണിനും പരിക്കേൽക്കാതെ രക്ഷപ്പെടാനായി. ക്രൂഡ് ബോംബ് ഉപയോഗിച്ചുള്ള ആത്മഹത്യയാകാമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻമാരായി ജോലി ചെയ്തിരുന്ന നാഗേന്ദ്രയും രമ്യയും കഴിഞ്ഞ ആറു വർഷമായി പ്രണയത്തിലായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.

സംഭവദിവസം രമ്യയെ ബലമായി കാറിൽ കയറ്റി ഉത്തര കന്നഡയിലേക്ക് കൊണ്ടുപോകാൻ നാഗേന്ദ്ര ശ്രമിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. യാത്രയ്ക്കിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് നാഗേന്ദ്ര കത്തികൊണ്ട് രമ്യയെ ആക്രമിച്ചു. പരിക്കേറ്റ രമ്യ കാറിൽ നിന്ന് ചാടി രക്ഷപ്പെടുകയും പിന്നാലെ ഡ്രൈവറും വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങുകയും ചെയ്തു.

ഇവർ പുറത്തിറങ്ങിയതിന് പിന്നാലെ കാറിനുള്ളിൽ വൻ സ്ഫോടനമുണ്ടായി. നാഗേന്ദ്ര വാഹനം അകത്തുനിന്ന് ലോക്ക് ചെയ്ത് സ്ഫോടനം നടത്തുകയായിരുന്നുവെന്നാണ് പോലീസിൻ്റെ സംശയം. പരിക്കേറ്റ രമ്യ ചികിത്സയിലാണ്. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി യുവതിയുടെയും ടാക്സി ഡ്രൈവറുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.

Related Posts