സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വീണ്ടും ആശങ്ക ഉയർത്തുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 10 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. മലപ്പുറത്ത് അഞ്ച് പേരും, കോഴിക്കോട് നാല് പേരും, വയനാട്ടിൽ ഒരാളുമാണ് പുതിയതായി രോഗബാധിതരായത്. ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 190 പേർക്ക് ഷിഗെല്ല സ്ഥിരീകരിക്കുകയും ആറു മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഈ വർഷം ഇതുവരെ ആകെ 266 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ജൂൺ മാസത്തിൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. നിലവിൽ കോഴിക്കോട് (65), വയനാട് (26), തൃശൂർ (13), ആലപ്പുഴ (5) എന്നീ ജില്ലകളിൽ രോഗവ്യാപനം കണക്കിലെടുത്ത് ഔട്ട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനുപുറമെ മലപ്പുറം (30), തിരുവനന്തപുരം (18), കൊല്ലം (12), കണ്ണൂർ (11), എറണാകുളം (4), ഇടുക്കി (3), പാലക്കാട് (3) ജില്ലകളിലും ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ടെന്നും ശുചിത്വം പാലിക്കാനും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടാനും പൊതുജനങ്ങളോട് നിർദേശം നൽകിയിട്ടുണ്ട്.

Related Posts