തമിഴ്നാട് രാഷ്ട്രീയത്തിൽ ഡിഎംകെ സഖ്യകക്ഷികളുടെ പിന്മാറ്റം തുടരുന്നു. കോൺഗ്രസിനും മുസ്ലിം ലീഗിനും പിന്നാലെ ഒമ്പത് വർഷത്തെ സഖ്യം അവസാനിപ്പിച്ച് എംഡിഎംകെയും ഡിഎംകെ മുന്നണി വിട്ടതായി പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന പാർട്ടിയുടെ ജനറൽ കൗൺസിൽ യോഗത്തിലാണ് സഖ്യത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം എംഡിഎംകെ കൈക്കൊണ്ടത്. ഭരണകക്ഷിയായ ടിവികെയുമായി ചേർന്ന് മുന്നോട്ടുപോകാനാണ് പാർട്ടിയുടെ നീക്കമെന്നാണ് സൂചന.
ഡിഎംകെ നേതൃത്വം എംഡിഎംകെയെ ബോധപൂർവം ദുർബലപ്പെടുത്താൻ ശ്രമിച്ചുവെന്നും സർക്കാർ രൂപീകരണത്തിനായി അണ്ണാ ഡിഎംകെയുമായി രഹസ്യ ചർച്ചകൾ നടത്തിയെന്നുമുള്ള ആരോപണങ്ങളാണ് സഖ്യം വിടാൻ കാരണമായി എംഡിഎംകെ വിശദീകരിച്ചത്.
അതേസമയം, എംഡിഎംകെയുടെ രണ്ട് എംഎൽഎമാരും ജനറൽ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. ഇരുവരും ഡിഎംകെയ്ക്കൊപ്പം തുടരാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.