മയക്കുമരുന്ന് കടത്തിലൂടെ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടാൻ ചെന്നൈയിലെ കോംപിറ്റന്റ് അതോറിറ്റിയുടെ ഉത്തരവ്. കൊരട്ടിയിൽ വെച്ച് 96.45 ഗ്രാം എംഡിഎംഎ രാസലഹരി പിടികൂടിയ കേസ്സിലെ പ്രതിയുടെ സ്വത്തുക്കളായ 6.7 സെന്റ് സ്ഥലവും റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിളുമാണ് കണ്ടുകെട്ടാൻ ഉത്തരവായത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഈ ശക്തമായ നടപടി.

കൊരട്ടിയിൽ വെച്ച് മാരക രാസലഹരിയായ എംഡിഎംഎയുമായി പിടിയിലായ കൊല്ലം കരുനാഗപ്പള്ളി നീലിക്കുളം സ്വദേശി ഷംനാ മൻസിൽ വീട്ടിൽ ഷംനാദ് (34) എന്നയാളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുന്നത്. മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പ്രതിയും ഭാര്യയും വാങ്ങിയ കൊല്ലം കരുനാഗപ്പള്ളി താലൂക്കിലുള്ള 11 ലക്ഷം രൂപ മതിപ്പുവില വരുന്ന 6.7 സെന്റ് സ്ഥലവും, 37,000/- രൂപ വിലവരുന്ന റോയൽ എൻഫീൾഡ് മോട്ടോർ സൈക്കിളുമാണ് കണ്ടുകെട്ടാൻ ഉത്തരവായിരിക്കുന്നത്. എൻ.ഡി.പി.എസ് (NDPS) നിയമത്തിലെ വകുപ്പ് 68 F പ്രകാരമാണ് ഈ നടപടി.

2026 മാർച്ച് 14-നാണ് കൊരട്ടിയിൽ വെച്ച് ആഡംബര കാറായ ടൊയോട്ട കാമ്രിയിൽ കടത്തുകയായിരുന്ന 96.45 ഗ്രാം എംഡിഎംഎ രാസലഹരിയുമായി ഷംനാദിനെ ഡാൻസാഫ് ടീം പിടികൂടി റിമാന്റ് ചെയ്തത്. ഈ കേസിൽ നടത്തിയ തുടരന്വേഷണത്തിലാണ് പ്രതിയുടെ പേരിലുള്ള വസ്തുവകകൾ ലഹരിക്കടത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് കണ്ടെത്തിയത്.

Related Posts