ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയെ നടുക്കിയ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 589 ആയി ഉയർന്നു. 2,980 പേർക്ക് പരിക്കേറ്റതായും 50,000-ത്തിലധികം പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ. തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നതോടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്.

ബുധനാഴ്ച വൈകുന്നേരമാണ് ഭൂചലന പരമ്പര ആരംഭിച്ചത്. ആദ്യം റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. വെറും 38 സെക്കൻഡുകൾക്കുശേഷം 7.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനവും അനുഭവപ്പെട്ടു. തുടർന്ന് 30 ഓളം തുടർചലനങ്ങളും രേഖപ്പെടുത്തി.

ആദ്യ ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം കരീബിയൻ തീരനഗരമായ മെറോണിക്ക് പടിഞ്ഞാറ് 13 കിലോമീറ്റർ ആഴത്തിലായിരുന്നു. രണ്ടാമത്തെ ഭൂചലനം മെറോൺ നഗരത്തിന് തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായത്.

രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. ദുരന്തത്തിൻ്റെ വ്യാപ്തി കണക്കിലെടുത്ത് മരണസംഖ്യ പതിനായിരങ്ങൾ കടക്കാൻ പോലും സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ (USGS) നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Related Posts