ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ വമ്പൻ അട്ടിമറിയുമായി ഇക്വഡോർ. ന്യൂയോർക്ക്–ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജർമനിയെ 2-1നാണ് ഇക്വഡോർ കീഴടക്കിയത്. മത്സരത്തിൻ്റെ രണ്ടാം മിനിറ്റിൽ തന്നെ ലിറോയ് സാനെയുടെ ഗോളിലൂടെ ജർമനിയാണ് ലീഡ് നേടിയത്. എന്നാൽ അധികം വൈകാതെ, ഒമ്പതാം മിനിറ്റിൽ നിൽസൺ അൻഗുലോയുടെ ഗോളിൽ ഇക്വഡോർ സമനില പിടിച്ചു. ആദ്യ പകുതിയിൽ ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും കൂടുതൽ ഗോളുകൾ പിറന്നില്ല.
രണ്ടാം പകുതിയിലും ആക്രമണ ഫുട്ബോൾ തുടർന്നപ്പോൾ 77-ാം മിനിറ്റിൽ ഗോൺസാലോ പ്ലാറ്റ നേടിയ നിർണായക ഗോൾ ഇക്വഡോറിന് വിജയമൊരുക്കി. അവസാന നിമിഷങ്ങളിൽ സമനിലയ്ക്കായി ജർമനി ശക്തമായി ശ്രമിച്ചെങ്കിലും ഇക്വഡോർ പ്രതിരോധം ഭേദിക്കാനായില്ല.
ഈ വിജയത്തോടെ നാല് പോയിന്റുമായി ഇക്വഡോർ ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിലേക്ക് കടന്നു. ആറ് പോയിന്റ് വീതം നേടിയ ജർമനിയും ഐവറി കോസ്റ്റും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത് പ്രീക്വാർട്ടർ ഉറപ്പിച്ചു. ഗോൾ ശരാശരിയിലെ മുൻതൂക്കമാണ് ജർമനിക്ക് ഗ്രൂപ്പ് ജേതാക്കളാകാൻ സഹായിച്ചത്.