ബെംഗളൂരു നഗരത്തിൻ്റെ ഹരിതാഭ വർധന ലക്ഷ്യമിട്ട് നാളെ 15 ലക്ഷം തദ്ദേശീയ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന വമ്പൻ പദ്ധതിയുമായി ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (BDA) രംഗത്തെത്തി. ‘ബെംഗളൂരു അർബൻ ഇക്കോളജിക്കൽ റസ്റ്ററേഷൻ മിഷൻ 2026-30’ൻ്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. 50,000ത്തിലധികം സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തത്തോടെയാകും ഹരിത ദൗത്യം നടക്കുക.

നാടപ്രഭു കെംപെഗൗഡ ജയന്തിയോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. നഗരത്തിലെ കെംപെഗൗഡ ലേഔട്ട്, ഡോ. ശിവറാം കാരന്ത് ലേഔട്ട്, ബനശങ്കരി 6-ാം സ്റ്റേജ് ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിലാണ് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക. തടാക തീരങ്ങൾ, പാർക്കുകൾ, സ്റ്റോം വാട്ടർ ഡ്രെയിൻ പരിസരങ്ങൾ, പ്രധാന റോഡുകൾ എന്നിവയും പദ്ധതിയുടെ ഭാഗമാകും.

മാവ്, പ്ലാവ്, വേപ്പ്, സപ്പോട്ട തുടങ്ങി നിരവധി തദ്ദേശീയവും ഔഷധഗുണമുള്ളതുമായ സസ്യങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്. ‘ഒരു വീട് – ഒരു ഔഷധസസ്യം’ എന്ന ആശയവും പദ്ധതിയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

പങ്കെടുക്കുന്ന ഓരോ സന്നദ്ധ പ്രവർത്തകനും ഏകദേശം 30 തൈകൾ വീതം നട്ടുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പങ്കെടുക്കുന്നവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകളും നൽകും. മെട്രോ സ്റ്റേഷനുകളിൽ നിന്ന് സൗജന്യ ബസ് സർവീസുകളും ഭക്ഷണം, മെഡിക്കൽ സൗകര്യങ്ങൾ, പാർക്കിംഗ് എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഒരു ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിലൂടെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കാനും ബിഡിഎ ലക്ഷ്യമിടുന്നു. ബെംഗളൂരുവിലെ ചൂട് വർധനയും ഹരിതമേഖലയുടെ കുറവും നേരിടാൻ ഈ പദ്ധതി സഹായകരമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. സമൂഹമാധ്യമങ്ങളിലും പദ്ധതിക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. അതേസമയം, തൈകൾ നട്ടുപിടിപ്പിക്കുന്നതിനു പുറമെ അവയുടെ പരിപാലനവും ഉറപ്പാക്കണമെന്ന ആവശ്യം പരിസ്ഥിതി പ്രവർത്തകരും പൗരന്മാരും ഉയർത്തുന്നുണ്ട്.

Related Posts