ഏതാനും മണിക്കൂറുകളുടെ ഇടവേളയിൽ വെനസ്വേലയിലും ജപ്പാനിലും ശക്തമായ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തു. വെനസ്വേലയിൽ തുടർച്ചയായി ഉണ്ടായ രണ്ട് വലിയ ഭൂചലനങ്ങൾ വ്യാപക നാശനഷ്ടങ്ങൾക്ക് ഇടയാക്കിയപ്പോൾ, ജപ്പാനിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ആശങ്കയുണ്ടാക്കിയെങ്കിലും വലിയ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

വെനസ്വേലയുടെ തലസ്ഥാനമായ കാരക്കസിലും സമീപ പ്രദേശങ്ങളിലുമായി നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ജനങ്ങൾ ഭീതിയോടെ തെരുവുകളിലേക്ക് ഇറങ്ങി. രാജ്യത്ത് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

ആദ്യം ഉണ്ടായ ഭൂകമ്പം റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. കരീബിയൻ തീരദേശ നഗരമായ മൊറോണിന് സമീപം ഭൂമിക്കടിയിൽ 13 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. ഇതിന് പിന്നാലെ 7.5 തീവ്രതയുള്ള രണ്ടാമത്തെ ശക്തമായ ഭൂചലനവും ഉണ്ടായി. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കുപ്രകാരം, മൊറോൺ നഗരത്തിന് തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലായിരുന്നു രണ്ടാമത്തെ ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം.

അതേസമയം, വടക്കൻ ജപ്പാനിലെ ഇവാതെ തീരപ്രദേശത്താണ് 6.9 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ 50 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഹാഷികാമി മേഖലയിലാണ് ഏറ്റവും ശക്തമായ കുലുക്കം അനുഭവപ്പെട്ടത്.

എന്നാൽ ജപ്പാനിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഹാച്ചിനോഹെ ഉൾപ്പെടെയുള്ള നഗരങ്ങളിലെ ഗതാഗത-പൊതുസേവന സംവിധാനങ്ങൾ സാധാരണ നിലയിൽ തുടരുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Related Posts