കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് ഏറ്റവും അനുയോജ്യമായ വിമാനത്താവളങ്ങളുടെ ആഗോള പട്ടികയിൽ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം മൂന്നാം സ്ഥാനം നേടി. ലോകത്തെ 140 രാജ്യാന്തര വിമാനത്താവളങ്ങളെ വിലയിരുത്തിയാണ് റാങ്കിങ് തയ്യാറാക്കിയത്. 20ൽ 18.6 പോയിന്റ് നേടിയാണ് ബെംഗളൂരു ഈ നേട്ടത്തിലെത്തിയത്. 19.4 പോയിന്റുമായി ഫിൻലൻഡിലെ ഹെൽസിങ്കി വിമാനത്താവളമാണ് ഒന്നാം സ്ഥാനത്ത്. 18.5 പോയിന്റുമായി ഹൈദരാബാദ് വിമാനത്താവളം നാലാം സ്ഥാനത്താണ്.

ന്യൂറോ ഡൈവർജന്റ് യാത്രക്കാർക്കായി രാജ്യത്തെ ആദ്യ സെൻസറി റൂം 2025-ൽ ബെംഗളൂരു വിമാനത്താവളത്തിൽ ആരംഭിച്ചിരുന്നു. കൂടാതെ കുടുംബയാത്രക്കാരെ ആകർഷിക്കുന്ന ആർട്ട് മ്യൂസിയവും ദക്ഷിണേന്ത്യൻ കലയും സംസ്കാരവും പരിചയപ്പെടുത്തുന്ന ആർട്ട് ഗാലറിയും രണ്ടാം ടെർമിനലിലെ പ്രധാന ആകർഷണങ്ങളാണ്. കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, വിശ്രമ സൗകര്യങ്ങൾ, കുടുംബങ്ങൾക്കായുള്ള പ്രത്യേക സുരക്ഷാ ലെയിനുകൾ, വിനോദ സംവിധാനങ്ങൾ, ഗൂഗിൾ റിവ്യൂ റേറ്റിങ്ങുകൾ തുടങ്ങിയ മാനദണ്ഡങ്ങളാണ് പരിഗണിച്ചത്. രണ്ട് ടെർമിനലുകളിലും കുട്ടികൾക്കായി പ്രത്യേകം കളിസ്ഥലങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കുടുംബങ്ങളോടൊപ്പം യാത്ര ചെയ്യുന്നവർക്കായി മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിൽ ബെംഗളൂരു വിമാനത്താവളം പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.

Related Posts