മൈസൂരുവിൽ കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കിയ സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കെംപയ്യനഹുണ്ഡി ഗ്രാമത്തിലെ ശിവണ്ണ (54), ഭാര്യ നാഗരത്ന (44), മകൾ രക്ഷിത (21) എന്നിവരെയാണ് വീട്ടിനുള്ളിൽ വിഷം കഴിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രക്ഷിതയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഉല്ലാസ് ഗൗഡ എന്ന യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നതായും ഇതുമൂലമുള്ള മാനസിക സമ്മർദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആത്മഹത്യാക്കുറിപ്പിൽ പരാമർശമുണ്ടെന്ന് പൊലീസ് അറിയിച്ചു.
രക്ഷിതയുമായി വിവാഹം നിശ്ചയിച്ചിരുന്ന യുവാവിന് ഉല്ലാസ് ചില സ്വകാര്യ ചിത്രങ്ങൾ അയച്ചുകൊടുത്തതായും ഇതിന് പിന്നാലെയാണ് കുടുംബം കടുത്ത മാനസിക വിഷമത്തിലായതെന്നും അന്വേഷണത്തിൽ വ്യക്തമായി.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ഉല്ലാസ് ഗൗഡയ്ക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.