കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ടായി മുതിർന്ന കോൺഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദ് ചുമതലയേറ്റു. ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിൽ നിന്ന് പാർട്ടി പതാക ഏറ്റുവാങ്ങിയാണ് അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റത്.

മുഖ്യമന്ത്രിയായി ചുമതലയേറ്റതിനെ തുടർന്ന് ഡി.കെ. ശിവകുമാർ കെ.പി.സി.സി. പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതോടെയാണ് എ.ഐ.സി.സി. ബി.കെ. ഹരിപ്രസാദിനെ പുതിയ സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. അടുത്തിടെ അദ്ദേഹത്തെ നിയമനിർമാണ കൗൺസിൽ അംഗമായി വീണ്ടും തെരഞ്ഞെടുത്തിരുന്നു. മുൻ രാജ്യസഭാംഗമായ അദ്ദേഹം ഹരിയാനയുടെ എ.ഐ.സി.സി. ചുമതലക്കാരനായും പ്രവർത്തിച്ചിട്ടുണ്ട്.
എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

Related Posts