ഇന്ത്യയുടെ സമുദ്ര പ്രതിരോധശേഷി കൂടുതൽ ശക്തിപ്പെടുത്തി തദ്ദേശീയമായി നിർമ്മിച്ച മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. കൊൽക്കത്തയിലെ ശ്യാമപ്രസാദ് മുഖർജി തുറമുഖത്ത് നടന്ന ചടങ്ങിലാണ് ഐഎൻഎസ് ദുനാഗിരി, ഐഎൻഎസ് സംശോധക്, ഐഎൻഎസ് അഗ്രായ് എന്നീ കപ്പലുകൾ ഔദ്യോഗികമായി കമ്മീഷൻ ചെയ്തത്.

നാവികസേനയുടെ യുദ്ധസന്നാഹങ്ങൾ, സമുദ്ര സർവേ പ്രവർത്തനങ്ങൾ, സബ്മറൈൻ വിരുദ്ധ ദൗത്യങ്ങൾ എന്നിവയിൽ ഈ കപ്പലുകൾ നിർണായക പങ്കുവഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ മികച്ച ഉദാഹരണമാണ് ഈ നേട്ടമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തദ്ദേശീയ സാങ്കേതികവിദ്യയും ഇന്ത്യൻ പ്രതിഭയും ഉപയോഗിച്ച് നിർമ്മിച്ച ഈ കപ്പലുകൾ രാജ്യത്തിൻ്റെ വളരുന്ന പ്രതിരോധശേഷിയുടെയും വ്യവസായിക മികവിൻ്റെയും പ്രതീകങ്ങളാണെന്ന് മോദി വ്യക്തമാക്കി. ലോകത്തിനായി നിർമ്മിക്കുന്ന ശക്തമായ രാഷ്ട്രമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘മേക്ക് ഇൻ ഇന്ത്യ’ കാഴ്ചപ്പാടിൻ്റെ ഭാഗമായി പ്രതിരോധ ഉൽപ്പാദന രംഗത്ത് രാജ്യം കൈവരിച്ച മുന്നേറ്റങ്ങളുടെ തെളിവാണ് ഈ യുദ്ധക്കപ്പലുകൾ. ആഗോളതലത്തിൽ സ്വാധീനം ചെലുത്തുന്ന ശക്തിയായി ഇന്ത്യ ഉയർന്നുവരുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Related Posts