നടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘം ഒരുങ്ങുന്നു. ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ കാരവാനിൽ വെച്ച് അതിക്രമം നടന്നെന്ന പരാതിയിലാണ് നടപടി.

ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചതിനെ തുടർന്ന് കുറ്റപത്രം ഇന്ന് ഓൺലൈനായി കോടതിയിൽ സമർപ്പിക്കാനാണ് തീരുമാനം. കേസിൽ രഞ്ജിത്തിനെതിരെ മതിയായ തെളിവുകൾ ശേഖരിച്ചതായാണ് അന്വേഷണസംഘത്തിൻ്റെ വിലയിരുത്തൽ.

പരാതിക്കാരിയുടെ മൊഴി, സാക്ഷിമൊഴികൾ, മറ്റ് സാഹചര്യ തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന രഞ്ജിത്തിന് അടുത്തിടെ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കുറ്റപത്രം സമർപ്പിക്കുന്നതോടെ കേസിലെ വിചാരണ നടപടികൾക്ക് വേഗം കൂടുമെന്നാണ് പ്രതീക്ഷ.

Related Posts