സ്ത്രീകൾക്കായി നടപ്പാക്കിയ സൗജന്യ ബസ് യാത്രാ പദ്ധതിയായ ‘ശക്തി’യിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരാൻ കർണാടക സർക്കാർ ആലോചിക്കുന്നു. നിലവിൽ ആധാർ കാർഡ് അടിസ്ഥാനമാക്കി ലഭിക്കുന്ന സൗജന്യ യാത്രാ സൗകര്യം ഇനി ശക്തി സ്മാർട്ട് കാർഡ് ഉടമകൾക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് നീക്കം. ഇതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ലഭിച്ചിരുന്ന ആനുകൂല്യം അവസാനിക്കാനിടയുണ്ട്.

പദ്ധതി നടപ്പിലാക്കിയതിന് ശേഷം സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായെന്നാണ് വിലയിരുത്തൽ. പുരുഷ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതും വിദ്യാർത്ഥികൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയും സാമ്പത്തിക സമ്മർദം വർധിപ്പിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

നിലവിലെ സാഹചര്യത്തിൽ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ അടിയന്തര സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ആർടിസികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ജീവനക്കാരുടെ വേതന വർധന, ഡീസൽ വിലക്കയറ്റം, കുടിശ്ശിക നൽകേണ്ട ബാധ്യത തുടങ്ങിയവ കോർപ്പറേഷനുകളുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.

ഇതിനിടെ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവും ആർടിസികൾ സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്. സൗജന്യ യാത്രാ പദ്ധതിയുടെ ദുരുപയോഗം തടയാനും യഥാർഥ ഗുണഭോക്താക്കളെ മാത്രം ഉൾപ്പെടുത്താനുമാണ് പുതിയ പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Related Posts