ബെംഗളൂരുവിലെ നമ്മ മെട്രോയുടെ കെആർ പുരം – സിൽക്ക്ബോർഡ് ബ്ലൂ ലൈൻ ഇടനാഴിയിൽ ട്രെയിൻ പരീക്ഷണ ഓട്ടം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുമെന്ന് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അറിയിച്ചു. ഔട്ടർ റിങ് റോഡിലൂടെ കടന്നുപോകുന്ന ഈ പാതയിൽ കെആർ പുരം മുതൽ മാറത്തഹള്ളി വരെയുള്ള ഭാഗമാണ് ആദ്യഘട്ടത്തിൽ പൊതുജനങ്ങൾക്കായി തുറക്കുക.

മാറത്തഹള്ളിയിൽ നിന്ന് സിൽക്ക് ബോർഡ് വരെയുള്ള ശേഷിക്കുന്ന ഭാഗം അടുത്ത വർഷം ആദ്യ മാസങ്ങളിലായി പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. മെട്രോ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, കല്ലേന അഗ്രഹാര-താവരക്കരെ പിങ്ക് ലൈൻ പാതയിൽ ഓഗസ്റ്റ് 15 മുതൽ മെട്രോ സർവീസ് ആരംഭിക്കും. ഈ പാതയിലെ പരീക്ഷണ ഓട്ടം ഇതിനകം പൂർത്തിയായിട്ടുണ്ട്. സ്റ്റേഷനുകളിലെ അവസാനഘട്ട മിനുക്കുപണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.

പിങ്ക് ലൈനിൻ്റെ ഭൂഗർഭ ഭാഗമായ താവരക്കരെ മുതൽ നാഗവാര വരെയുള്ള ഇടനാഴിയിലും നിർമാണം പുരോഗമിക്കുകയാണ്. 2027 മാർച്ചോടെ ഈ ഭാഗത്തും ട്രെയിൻ സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുന്ന പദ്ധതികളാണ് ബ്ലൂ ലൈനും പിങ്ക് ലൈനുമെന്ന് അധികൃതർ വിലയിരുത്തുന്നു.

Related Posts