ജമ്മുകശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപത്ത് നിന്ന് പിടികൂടിയ പാകിസ്ഥാൻ പൗരനെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ച് ഇന്ത്യൻ സൈന്യം. സൈന്യത്തിൻ്റെ മാനുഷിക സമീപനത്തിൻ്റെയും പ്രൊഫഷണൽ പെരുമാറ്റത്തിൻ്റെയും ഉദാഹരണമായാണ് നടപടി വിലയിരുത്തപ്പെടുന്നത്. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യ സ്വദേശിയായ അസദ് ഖാനെയാണ് നിയന്ത്രണരേഖയിലുള്ള ഒരു അതിർത്തി പോയിന്റിൽ വെച്ച് ഇന്ത്യൻ സൈന്യം പാകിസ്ഥാൻ സൈന്യത്തിന് കൈമാറിയത്.
കഴിഞ്ഞ ആഴ്ച കുപ്വാര ജില്ലയിലെ തീത്വാൽ സെക്ടറിലെ അതിർത്തി മേഖലയിലൂടെ നിയന്ത്രണരേഖ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അസദ് ഖാൻ ഇന്ത്യൻ സൈന്യത്തിൻ്റെ പിടിയിലായത്. ആവശ്യമായ പരിശോധനകൾക്കും നടപടിക്രമങ്ങൾക്കും ശേഷം അദ്ദേഹത്തെ തിരിച്ചയക്കാൻ തീരുമാനിക്കുകയായിരുന്നു.
അസദ് ഖാനെ പാകിസ്ഥാൻ സൈന്യത്തിന് കൈമാറുന്ന ചിത്രങ്ങൾ ഇന്ത്യൻ സൈന്യം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. കൈമാറ്റ ചടങ്ങിനിടെ ഇരു രാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥർ പരസ്പരം ഹസ്തദാനം ചെയ്യുന്നതും ചിത്രങ്ങളിലുണ്ട്. തടങ്കലിലുണ്ടായിരുന്ന കാലയളവിൽ അസദ് ഖാനോട് മാന്യതയോടും അനുകമ്പയോടും കൂടിയാണ് പെരുമാറിയതെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. മനുഷ്യാവകാശ മൂല്യങ്ങളോടും സൈനിക പ്രൊഫഷണലിസത്തോടും ഇന്ത്യൻ സൈന്യത്തിനുള്ള പ്രതിബദ്ധതയാണ് ഈ നടപടിയിലൂടെ പ്രതിഫലിക്കുന്നതെന്നും സൈന്യം അറിയിച്ചു.