നിയമസഭയിൽ സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധികൾ മറികടന്ന് “പുതുയുഗ കേരളം” സൃഷ്ടിക്കുകയാണ് ബജറ്റിൻ്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. കിഫ്ബിയിൽ ഉൾപ്പെടെ വലിയ തിരിച്ചടവുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രത്യേക സമിതിയെ നിയോഗിച്ച് കിഫ്ബിയെ പുനഃസംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 600 കോടി രൂപ വകയിരുത്തി.
വയോജന പരിപാലനത്തിനായി കെയർ ഗീവർ പദ്ധതി നടപ്പാക്കും. രോഗപരിപാലന പരിശീലനവും സർട്ടിഫിക്കറ്റ് കോഴ്സുകളും ആശുപത്രികൾ മുഖേന ആരംഭിക്കും. യുവാക്കൾക്ക് സംസ്ഥാനത്തിനുള്ളിൽ തന്നെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികൾക്കും മുൻഗണന നൽകും.
ഗവേഷണ മേഖലയെ ശക്തിപ്പെടുത്താൻ ഐഐടി റിസർച്ച് പാർക്ക് മാതൃകയിൽ റിസർച്ച് പാർക്ക് സ്ഥാപിക്കാൻ 60 കോടി രൂപ അനുവദിച്ചു. കായികരംഗത്ത് ഫുട്ബോൾ പ്രതിഭകളെ വളർത്തുന്നതിനും അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുമായി മലബാറിൽ ലോകോത്തര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കാൻ 50 കോടി രൂപയും വകയിരുത്തി.
സിനിമാ മേഖലയ്ക്ക് വലിയ ഉത്തേജനമായി കൊച്ചിയിൽ ‘ചിത്രനഗരം’ ഫിലിം സിറ്റി സ്ഥാപിക്കും. ജെ.സി. ഡാനിയേലിൻ്റെ പേരിൽ ആരംഭിക്കുന്ന പദ്ധതിക്കായി 100 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. തൃശൂരിൽ ജോൺസൺ മാസ്റ്ററുടെ പേരിൽ മ്യൂസിക് അക്കാദമി സ്ഥാപിക്കാനും 50 കോടി രൂപ അനുവദിച്ചു.
ആരോഗ്യ മേഖലയിലെ പ്രധാന പ്രഖ്യാപനമായി ‘ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ അവതരിപ്പിച്ചു. 25 ലക്ഷം രൂപ വരെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്ന പദ്ധതിയുടെ പ്രാരംഭ ചെലവിനായി 10 കോടി രൂപ വകയിരുത്തി. സംസ്ഥാനത്തിൻ്റെ തനത് ഉൽപ്പന്നങ്ങളെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ബ്രാൻഡ് കേരളം’ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. അടുത്ത അഞ്ച് വർഷത്തെ വികസന കാഴ്ചപ്പാടിൻ്റെ ദിശാസൂചികയായിരിക്കും ഈ ബജറ്റെന്ന് മുഖ്യമന്ത്രി പറഞ്ഞു.