സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വീണ ടി.യെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരുങ്ങുന്നു. ഇതിനായി പുതിയ സമൻസ് ഉടൻ നൽകുമെന്നാണ് വിവരം.

കൊച്ചിയിലെ ഇഡി ഓഫീസിൽ നടന്ന ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടയിൽ, സിഎംആർഎല്ലിന് ഐടി സേവനങ്ങൾ നൽകിയതായി തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞില്ലെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. കൂടാതെ, മൊഴികളിൽ ചില പൊരുത്തക്കേടുകൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.

സിഎംആർഎൽ പ്രതിനിധികളുമായി നേരിട്ടാണ് സേവനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടന്നതെന്നും അതിനാൽ അനുബന്ധ രേഖകൾ സൂക്ഷിച്ചിട്ടില്ലെന്നുമാണ് വീണയുടെ വിശദീകരണം. എക്സാലോജിക് നിലവിൽ പ്രവർത്തനരഹിതമാണെന്നും ആവശ്യമായ വിവരങ്ങളിൽ ചിലത് സ്ഥാപനത്തിൻ്റെ പഴയ സിസ്റ്റങ്ങളിലാണെന്നും അവർ മൊഴി നൽകിയതായി അറിയുന്നു.

സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 2.78 കോടി രൂപയുടെ ഉപയോഗം സംബന്ധിച്ച കൂടുതൽ വ്യക്തത തേടുകയാണ് ഇഡി. എസ്എഫ്‌ഐഒ സമർപ്പിച്ച കുറ്റപത്രത്തോടനുബന്ധിച്ച രേഖകൾ ലഭിച്ചശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് അന്വേഷണ ഏജൻസിയുടെ തീരുമാനം.

കേസിൽ നേരത്തെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത, ജയ എസ്. കർത്ത, ഷിബി എസ്. കർത്ത എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു. അതുപോലെ എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് അനുവദിച്ച 50 ലക്ഷം രൂപയുടെ വായ്പയും അന്വേഷണ പരിധിയിലുണ്ട്. തിരിച്ചടവിൽ വീഴ്ച വന്നിട്ടും വീണ്ടും വായ്പ അനുവദിച്ചതിന്റെ സാഹചര്യങ്ങളും ഇഡി പരിശോധിക്കുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ, നിപുണ ഇന്റർനാഷണൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ രേഖാ പരിശോധനയും ചോദ്യം ചെയ്യലും കൂടുതൽ ശക്തമാക്കുമെന്നാണ് സൂചന.

Related Posts