നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമിയുടെ 25 കോടി രൂപ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുത്തെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യാപക പരിശോധന നടത്തി. മധുരയിലും ചെന്നൈയിലുമായി ആറ് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. കേസിലെ പ്രധാന പ്രതിയായ സിനിമ നിർമാതാവ് അളഗപ്പനുമായി ബന്ധമുള്ള സ്ഥലങ്ങളെയാണ് ഇ.ഡി ലക്ഷ്യമിട്ടത്. സ്വത്ത് ഇടപാടുകളുടെ മറവിൽ നടന്നതായി സംശയിക്കുന്ന സാമ്പത്തിക ക്രമക്കേടുകളും പണമിടപാടുകളും പരിശോധിക്കുന്നതിനായാണ് പരിശോധനയെന്ന് അധികൃതർ അറിയിച്ചു.
2023-ൽ ഗൗതമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ചികിത്സാ ആവശ്യങ്ങൾക്കും മകളുടെ വിദ്യാഭ്യാസ ചെലവുകൾക്കുമായി ശ്രീപെരുംപുത്തൂരിലെ 46 ഏക്കർ ഭൂമി വിൽക്കാൻ 2004-ൽ തീരുമാനിച്ചിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഈ സാഹചര്യം മുതലെടുത്ത് അളഗപ്പനും കുടുംബാംഗങ്ങളും വ്യാജരേഖകൾ ഉപയോഗിച്ച് 25 കോടി രൂപ വിലവരുന്ന സ്വത്ത് തട്ടിയെടുത്തുവെന്നാണ് ആരോപണം.
കേസിൽ അന്വേഷണം നടത്തിയ പൊലീസ് അളഗപ്പനെയും ഭാര്യയെയും ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, കേസിലെ പ്രതിക്ക് ചില ബിജെപി നേതാക്കൾ പിന്തുണ നൽകിയെന്ന ആരോപണം ഉന്നയിച്ച് ഗൗതമി പാർട്ടി സ്ഥാനങ്ങൾ രാജിവെച്ച ശേഷം അണ്ണാഡിഎംകെയിൽ ചേർന്നിരുന്നു.