മൺസൂൺ സാഹചര്യത്തിൽ ബെംഗളൂരുവിലെ റോഡ് നവീകരണവും വൈറ്റ് ടോപ്പിങ് പ്രവൃത്തികളും വേഗത്തിലാക്കാൻ ജിബിഎ ചീഫ് കമ്മീഷണർ മഹേശ്വർ റാവു നിർദേശം നൽകി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി പരിധിയിലെ അഞ്ച് നഗര കോർപ്പറേഷനുകളിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയ യോഗത്തിലാണ് നിർണായക തീരുമാനം.
നഗരത്തിലാകെ 1,700 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് പുരോഗമിക്കുന്നത്. 800 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന 58.60 കിലോമീറ്റർ വൈറ്റ് ടോപ്പിങ് റോഡുകളിൽ 28.18 കിലോമീറ്റർ പൂർത്തിയായതായി അധികൃതർ അറിയിച്ചു. കൂടാതെ, 900 കോടി രൂപയുടെ 66.28 കിലോമീറ്റർ ദൈർഘ്യമുള്ള മറ്റൊരു പദ്ധതിയിലും 26.40 കിലോമീറ്റർ പ്രവൃത്തി പൂർത്തിയായി.
റോഡ് വികസനത്തിന് തടസമാകുന്ന പ്രശ്നങ്ങൾ ഉടൻ പരിഹരിച്ച് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നാഗവാര റോഡ്, ടാനറി റോഡ്, ദിന്നൂർ റോഡ്, ഹോളിഡേ വില്ലേജ് റോഡ് എന്നിവിടങ്ങളിൽ റോഡ് വീതികൂട്ടൽ പൂർത്തിയാക്കിയ ശേഷമേ വൈറ്റ് ടോപ്പിങ് ആരംഭിക്കാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കൽ ആവശ്യമായ സ്ഥലങ്ങളിൽ ട്രാൻസ്ഫറബിൾ ഡെവലപ്മെന്റ് റൈറ്റ്സ് (TDR) ഉപയോഗപ്പെടുത്തി നടപടികൾ വേഗത്തിലാക്കണമെന്നും ചീഫ് കമ്മീഷണർ വ്യക്തമാക്കി. നിലവിൽ പ്രവൃത്തികൾ നടക്കുന്ന റോഡുകളിൽ കുഴികൾ രൂപപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും, ആരംഭിക്കാത്ത റോഡുകളിലെ കുഴികൾ അടിയന്തരമായി നികത്തി ഗതാഗതം സുരക്ഷിതമാക്കണമെന്നും നിർദേശം നൽകി.
അതേസമയം, ജിബിഎ പരിധിയിൽ ആകെ 68 കിലോമീറ്റർ ദൈർഘ്യമുള്ള ഒൻപത് ബഫർ റോഡുകളുടെ വികസനവും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. എല്ലാ പദ്ധതികളും നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മഹേശ്വർ റാവു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.