പ്രവാസി കേരളീയർക്കായി നോർക്ക ഏർപ്പെടുത്തിയ വിവിധ ഐഡി കാർഡുകളുടെയും ഇൻഷുറൻസ് പദ്ധതികളുടെയും പ്രചാരണത്തിനായി ഇന്ന് മുതൽ ജൂലൈ 15 വരെ സംസ്ഥാനവ്യാപകമായി മാസാചരണം സംഘടിപ്പിക്കും. വിദേശത്തും രാജ്യത്തിനകത്തും താമസിക്കുന്ന മലയാളികൾക്ക് ലഭ്യമായ സേവനങ്ങളെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
വിദേശത്ത് ആറുമാസത്തിലധികമായി ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നവർക്കുള്ള പ്രവാസി ഐഡി കാർഡ്, വിദേശരാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള സ്റ്റുഡന്റ് ഐഡി കാർഡ്, കേരളത്തിന് പുറത്തുള്ള മറ്റ് സംസ്ഥാനങ്ങളിലെ മലയാളികൾക്കായുള്ള എൻആർകെ ഐഡി കാർഡ് എന്നിവയാണ് പ്രധാന സേവനങ്ങൾ. കൂടാതെ ഗുരുതര രോഗങ്ങൾക്കും അപകടങ്ങൾക്കും പരിരക്ഷ നൽകുന്ന നോർക്ക പ്രവാസി രക്ഷ ഇൻഷുറൻസ് പദ്ധതിയും പ്രചാരണത്തിൻ്റെ ഭാഗമാകും.
മാസാചരണത്തിനിടെ സേവനങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ പരിഹരിക്കാനും കാലാവധി കഴിഞ്ഞ ഐഡി കാർഡുകളും ഇൻഷുറൻസ് പദ്ധതികളും പുതുക്കാനും സൗകര്യമൊരുക്കും. 408 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ അപകടമരണത്തിന് അഞ്ച് ലക്ഷം രൂപ വരെയും അംഗവൈകല്യങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെയും പരിരക്ഷ ലഭിക്കും.
നോർക്ക പ്രവാസി രക്ഷ ഇൻഷുറൻസ് പദ്ധതിയിൽ 661 രൂപയുടെ പ്രീമിയം അടച്ചാൽ ഗുരുതര രോഗങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയും അപകടമരണത്തിന് മൂന്ന് ലക്ഷം രൂപ വരെയും അംഗവൈകല്യങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
നോർക്ക ഐഡി കാർഡുകളുടെ കാലാവധി മൂന്ന് വർഷവും പ്രവാസി രക്ഷ ഇൻഷുറൻസിൻ്റെ കാലാവധി ഒരു വർഷവുമാണ്. സേവനങ്ങൾ പ്രയോജനപ്പെടുത്താൻ നോർക്കയുടെ ഔദ്യോഗിക വെബ്സൈറ്റ് www.norkaroots.kerala.gov.in സന്ദർശിക്കാവുന്നതാണ്. ഐഡി കാർഡ് കൈവശമുള്ളവർക്ക് മാത്രമാണ് നോർക്ക കെയർ, നോർക്ക കെയർ പ്ലസ് പദ്ധതികളിൽ അംഗത്വം ലഭിക്കുക. ഫോൺ:1800 425 3939(ഇന്ത്യയിൽനിന്ന്), +91-8802012345(വിദേശത്തുനിന്ന്) മിസ്ഡ് കോൾ സർവീസിലൂടെ ബന്ധപ്പെടാം.