നീറ്റ് ചോദ്യച്ചോർച്ച, സിബിഎസ്ഇ ഓൺസ്ക്രീൻ മാർക്കിങ് വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ബെംഗളുരു ഫ്രീഡം പാർക്കിലും ഹൈദരാബാദ് ധർണ ചൗക്കിലും പ്രതിഷേധിച്ചു. നേരത്തേ ഡൽഹിയിലും പുണെയിലും സിജെപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

സിജെപി പ്രവർത്തകർക്കു പുറമേ വിവിധ വിദ്യാർഥി സംഘടനകളുടെ അംഗങ്ങളും പങ്കെടുത്തു. ബെംഗളുരുവിലെ പ്രതിഷേധത്തിന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, സാമൂഹികപ്രവർത്തകൻ സോനം വാങ്ചുക്ക്, നടൻ പ്രകാശ് രാജ് തുടങ്ങിയവർ നേതൃത്വം നൽകി. കോരിച്ചൊരിയുന്ന മഴയിൽ പാറ്റയുടെ ചിത്രമുള്ള കുടകളേന്തിയാണു പ്രതിഷേധക്കാരെത്തിയത്.

റദ്ദാക്കപ്പെടുന്ന, ചോദ്യങ്ങൾ ചോരുന്ന, ക്രമീകരണങ്ങൾ പാളുന്ന പരീക്ഷകളാണ് ഇപ്പോഴത്തെ വലിയ പ്രശ്‌നമെന്ന് സോനം വാങ്ചുക്ക് ഹൈദരാബാദിൽ പറഞ്ഞു. യുവാക്കളെ ബാധിക്കുന്ന തെറ്റായ നടപടികൾ തിരുത്താനാണു തങ്ങളുടെ മുന്നേറ്റമെന്നും വാങ്ചുക്ക് പറഞ്ഞു. പാർട്ടി വക്താവ് വിജേത ദഹിയയും പ്രസംഗിച്ചു.

Related Posts