സംസ്ഥാന സർക്കാരിൻ്റെ ‘പ്രിയദർശിനി’ പദ്ധതിയുടെ ഭാഗമായി നാളെ മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്ര ലഭ്യമാകും. എന്നാൽ യാത്ര സൗജന്യമാണെങ്കിലും കണ്ടക്ടറിൽ നിന്ന് പൂജ്യം രൂപയുടെ ടിക്കറ്റ് നിർബന്ധമായും കൈപ്പറ്റണമെന്ന് കെഎസ്ആർടിസി അറിയിച്ചു.
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതായി കണ്ടെത്തുന്നവർക്ക് 500 രൂപ പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. യാത്രക്കാരുടെ കൃത്യമായ കണക്ക് ശേഖരിക്കുന്നതിനും സർക്കാരിൽ നിന്ന് ലഭിക്കേണ്ട സബ്സിഡി തുക നിർണയിക്കുന്നതിനുമായി ‘സീറോ-വാല്യൂ’ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതാണ്.
പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നവർ ബസിൽ കയറിയ ഉടൻ കണ്ടക്ടറെ വിവരം അറിയിച്ച് ടിക്കറ്റ് വാങ്ങണം. പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഓർഡിനറി ബസുകളിൽ പ്രത്യേക സ്റ്റിക്കറുകളും പതിച്ചിട്ടുണ്ടാകും.
നാളെ രാവിലെ 8.30ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിന് ശേഷമായിരിക്കും സൗജന്യ യാത്ര പ്രാബല്യത്തിൽ വരിക. പദ്ധതിയുടെ ഭാഗമായി എല്ലാ ഓർഡിനറി ബസുകളിലും ആവശ്യമായ ക്രമീകരണങ്ങളും സ്റ്റിക്കർ പതിക്കലും പൂർത്തിയായതായി കെഎസ്ആർടിസി അറിയിച്ചു.
സ്ത്രീകളുടെയും ട്രാൻസ്ജെൻഡർ വിഭാഗത്തിൻ്റെയും പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുകയും സഞ്ചാര സ്വാതന്ത്ര്യം വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ‘പ്രിയദർശിനി’ പദ്ധതി നടപ്പാക്കുന്നത്.