വിദ്യാഭ്യാസ രംഗത്ത് നിർണായക ചുവടുവെപ്പുമായി ഒഡീഷ സർക്കാർ. സംസ്ഥാനത്ത് കെജി മുതൽ പിജി വരെ മുഴുവൻ വിദ്യാഭ്യാസവും സൗജന്യമാക്കുമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി പ്രഖ്യാപിച്ചു. ഇതോടെ ‘അംഗൻവാടി മുതൽ പി.ജി വരെ സൗജന്യ വിദ്യാഭ്യാസം’ നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന നേട്ടം ഒഡീഷ സ്വന്തമാക്കി.
പുതിയ തീരുമാനപ്രകാരം സർക്കാർ കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്ന വിദ്യാർഥികൾക്ക് ഇനി ട്യൂഷൻ ഫീസ് അടക്കേണ്ടതില്ല. സംസ്ഥാന സർക്കാരിൻ്റെ രണ്ടാമത്തെ വാർഷികത്തോടനുബന്ധിച്ചാണ് ഈ സുപ്രധാന പ്രഖ്യാപനം.
പദ്ധതിയിലൂടെ സംസ്ഥാനത്തെ പത്ത് ലക്ഷത്തിലധികം വിദ്യാർഥികൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കും പെൺകുട്ടികൾക്കും ഉയർന്ന വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്.
സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫീസ് പൂർണമായും ഒഴിവാക്കും. കൂടാതെ, നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്രയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കായി നിലവിൽ നടപ്പിലുള്ള ‘ഗ്രീൻ പാസേജ്’ പദ്ധതിയിലൂടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ സൗകര്യം, ഭക്ഷണം എന്നിവ സൗജന്യമായി ലഭിക്കുന്നതായും സർക്കാർ വ്യക്തമാക്കി.
സംസ്ഥാനത്തെ യുവതലമുറയുടെ വിദ്യാഭ്യാസ പുരോഗതിക്കും ദീർഘകാല വികസനത്തിനും ഈ തീരുമാനം വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനൊപ്പം നാല് പുതിയ സർവകലാശാലകളും 18 പുതിയ സർക്കാർ കോളേജുകളും ആരംഭിക്കുമെന്നും, ഒഡീഷയെ കിഴക്കൻ ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.