സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുൻപാകെ ഹാജരാകേണ്ടിയിരുന്ന വീണ വിജയൻ സാവകാശം തേടി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇ-മെയിൽ വഴിയാണ് വീണ അന്വേഷണ സംഘത്തോട് കൂടുതൽ സമയം ആവശ്യപ്പെട്ടത്. മറ്റൊരു ദിവസം ഹാജരാകാൻ അനുമതി നൽകണമെന്നും ഇമെയിലിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. നാളെ കൊച്ചിയിലെ ഇഡി സോണൽ ഓഫീസിൽ ഹാജരാകാനായിരുന്നു വീണയ്ക്ക് നേരത്തെ ലഭിച്ച നിർദേശം. മാസപ്പടി കേസിൽ ഇതാദ്യമായാണ് വീണയെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിക്കുന്നത്.

വീണ വിജയനെ കൂടാതെ സിഎംആർഎൽ എംഡി എസ്.എൻ. ശശിധരൻ കർത്ത, മകൻ ശരൺ എസ്. കർത്ത എന്നിവരുൾപ്പെടെ ഒൻപത് പേർക്കാണ് ഇഡി സമൻസ് നൽകിയിരിക്കുന്നത്. ഇതിൽ ശരൺ എസ്. കർത്തയോട് തിങ്കളാഴ്ച ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ബാങ്ക് രേഖകൾ, ആദായനികുതി വിവരങ്ങൾ, സ്വത്ത് വിവരങ്ങൾ, വാഹനങ്ങളുടെ രേഖകൾ തുടങ്ങിയവ ഹാജരാക്കാനും അന്വേഷണ സംഘം നേരത്തെ ആവശ്യപ്പെട്ടിരുന്നു.കേസുമായി ബന്ധപ്പെട്ട് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതി, ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസിൻ്റെ വസതി, സിഎംആർഎൽ എംഡിയുടെ വസതി എന്നിവയുൾപ്പെടെ സംസ്ഥാനത്തെ 11 കേന്ദ്രങ്ങളിൽ ഇഡി വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഇപ്പോൾ മൊഴിയെടുക്കുന്നതിനുള്ള നടപടികളിലേക്ക് ഇഡി നീങ്ങിയത്.

Related Posts